സ്വാമി ശരണം

പൂജ്യനായ ശ്രീ അയ്യപ്പ സ്വാമിക്ക്.
നിന്റെ പാദത്തിങ്കല്‍ ശരണം തേടുന്ന ഭക്തരെ അങ്ങ് കൈവിടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു സാധാരണ ഭക്തനാണു ഞാന്‍. ജാതിയും മതവും രാഷ്ട്രീയവും വര്‍ണ്ണവും വര്‍ഗ്ഗവും ഭഗവാനു ഹേതുവല്ലെന്നു അടിയന്‍ വിശ്വസിക്കുന്നു. ഭഗവാന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പേക്കൂത്തുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ കേരളത്തെ ഭ്രാന്താലയമായി വിശേഷിപ്പിച്ച ആ മഹാനുഭാവനോടു ബഹുമാനം വര്‍ദ്ധിക്കുന്നു. കൂടാതെ ഇതേ കാരണംകൊണ്ടുതന്നെ മുന്നേ പറഞ്ഞ ഭ്രാന്തുകള്‍ കാണുമ്പോള്‍ മഹാവിഷ്ണുവിന്റെ അവതാരമായി കേരളം സൃഷ്ടിച്ച പരശുരാമനോടും കേരളീയരുടെ പ്രിയപ്പെട്ടവനായ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ വാമനനോടും ചില്ലറയായോ മൊത്തമായോ ഒക്കെ വിയോജിപ്പുള്ളത് മറച്ചു വയ്ക്കുന്നില്ല. എങ്കിലും സ്വാമിയോടു മാത്രമായി ചിലതു പറയാനുള്ളതുകൊണ്ടാണ് ഇത്തരമൊരു കത്തെഴുതാന്‍ തീരുമാനിച്ചത്.
ഭവാനറിയാമല്ലോ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന്. ഇവിടെ മതഗ്രന്ഥങ്ങള്‍ക്കപ്പുറം വിലകൊടുക്കുന്ന മറ്റൊരു ഗ്രന്ഥമുണ്ടെതന്നു പറയേണ്ടതില്ലല്ലോ. അതേ, ഭവാന് അറിവുള്ള ഇന്ത്യന്‍ ഭരണഘടന. ഭരണഘടന അനുസൃതമായി പ്രവര്‍ത്തിക്കുന്ന രണ്ട് സംഗതികള്‍. ഒന്നാമത്തേത് പരമോന്നത നീതിപീഠമായ സുപ്രീം കോടതി. രണ്ടാമത്തേത് ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഭരണകൂടവും. സുപ്രീം കോടതി, വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പിലാക്കാന്‍ ഭരണഘടനാ പ്രകാരം സംസ്ഥാന സര്‍ക്കാരിനു ബാധ്യതയും ഉത്തരവാദിത്വവും ഉണ്ടെന്നത് ഭവാന് അറിവുള്ളതല്ലയോ. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത് സ്ത്രീക്കും പുരുഷനും തുല്യ നീതിയാണ്. ശബരിമലയില്‍ എത്തി ഭവാനെ ദര്‍ശിക്കണമെന്ന് ചിലസ്ത്രീകള്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സുപ്രീം കോടതി ആ ആഗ്രഹത്തെ അനുകൂലിച്ച് വിധി പുറപ്പെടുവിച്ചു. ഇതാണെന്റെയപ്പാ കേരളം കുട്ടിച്ചോറാക്കിയത്. ശബരിമലയില്‍ ഉത്പാദനശേഷിയുള്ള സ്ത്രീകള്‍ വന്നാല്‍ ഭഗവാന്റെ ബൃഹ്മചര്യം പോകുമെന്ന് ഒരു കൂട്ടര്‍. ബാലനായ നിനക്ക് സംയമനമുണ്ടെന്ന് മറ്റൊരു കൂട്ടര്‍.
കാനന വാസാ, കാട്ടിലൂടെ നിന്റെ കൃപാകടാക്ഷം തേടിയുള്ള ക്ഷേത്രാഗമനം കഠോരമെന്ന് അറിയാം. എങ്കിലും ഭവാനെ, ഒരപേക്ഷ. ഞാനും എന്റെ ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് ഒന്നിച്ചത്തി നിന്നെ തൊഴാന്‍ ഒരനുഗ്രഹം ചെയ്താല്‍ നായിരുന്നു. നാല്‍പത്തൊന്നു ദിനം കൃത്യമായി വൃതമെടുത്തവരല്ല നിനക്കു മുന്നില്‍ എത്തുന്ന മഹാഭൂരിപക്ഷമെന്ന് മറ്റാരേക്കാളും അറിയാവുന്നത് അങ്ങേക്കുതന്നെയല്ലേ. നോമ്പുനോക്കാന്‍ കഴിയാത്ത പുരുഷപ്രജകള്‍ രാവിലെ മാലയിട്ട് മലകയറി നിനക്കു നെയ്‌ത്തേങ്ങ അടിക്കുന്നകാര്യം അവരവര്‍ക്കും ഭവാനും അറിയാവുന്ന കാര്യമാണല്ലോ. അങ്ങനെയെങ്കില്‍ നോമ്പിന്റെ കാലാവധി കുറയ്ക്കാന്‍ നീ ബന്ധപ്പെട്ട തന്ത്രിമാരുടെ ബുദ്ധിയെയും മനസ്സിനെയും അതിനായി പാകപ്പെടുത്തേണമേ.
പമ്പാവാസാ, നിനക്ക് താല്‍പര്യമില്ലാത്ത ഒരു കാര്യംകൂടെ സൂചിപ്പിക്കട്ടെ. രാഷ്ട്രീയം. നിന്റെ പേരു പറഞ്ഞ് കേരള രാഷ്ട്രീയം പലതട്ടിലാണ്. ഭരണവര്‍ഗ്ഗ ഇടതുപക്ഷ രാഷ്ട്രീയം ഭഗവാന്റെ സഹോദരിമാരെ നിനക്ക് മുന്നിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. തെറ്റു പറയരുത്. അവര്‍ക്ക് ഭരണത്തിന്റെ ഗര്‍വ്വുണ്ട്. അതുപോലെതന്നെ സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ബാധ്യതയും. ഇടതുപക്ഷം സംസ്ഥാനത്തിനും രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നകാര്യം വിസ്മരിക്കുന്നില്ല. പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും കാര്യമായ പങ്കു വഹിക്കാന്‍ ഇടതുപക്ഷത്തിനായെന്നതും ഇവിടെ സ്മരിക്കുന്നു.
അയ്യപ്പാ, നിന്റെ മുില്‍ യുവതികളെത്തിയാല്‍ നീനക്ക് എന്തോ സംഭവിക്കും എന്ന നിലയ്ക്ക് സമരം നടത്തു ബി ജെ പി ക്കാരുടെ കാര്യവും കാരണവും നിനക്ക് അറിവുള്ളതാണല്ലോ. രാജ്യത്തെ മൊത്തം ഹൈന്ദവരുടെ ഉടമസ്ഥാവകാശവും പേറിയാണ് അക്കൂട്ടര്‍ ഓരോന്നു ചെയ്യുന്നത്. നിക്കുവേണ്ടിയുള്ള അക്ഷീണ പോരാട്ടത്തിലാണ് അക്കൂട്ടര്‍. ഇവിടെ ഒരു കാര്യംകൂടി ഭഗവാനെ നിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നു. ഏതു സമരത്തിനും പണം വേണം. അണികളെ സംഘടിപ്പിക്കാനും അവരെ സമര മുഖത്തു നിര്‍ത്തുവാനും പണമില്ലാതെ കഴിയില്ല. ആരാണ്, എവിടുന്നാണ്, എങ്ങിനെയാണ് ബി ജെ പി ശബരിമല വിഷയത്തില്‍ സമരം നയിക്കാന്‍ ധനസമ്പാദനം നടത്തുതെന്ന് കണ്ടെത്താന്‍ ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ നല്‍കുന്ന സംസ്ഥാന പോലീസിലെ ആളുകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അത് പോലീസിന്റെ മാത്രമല്ല സര്‍ക്കാരിന്റെയും ഭരണപരാജയം തന്നെയാണെതില്‍ തര്‍ക്കമില്ലെന്നത് ഭവാനെ നിനക്കറിവുള്ളതല്ലേ. ഒന്നുകില്‍ നിനക്കു മുന്നിലുള്ള കാക്കിയുടെ ആവരണം മാറ്റാന്‍ നീ കൃപ ചെയ്യുക. അല്ലെങ്കില്‍ നിെന്നക്കാണാന്‍ എത്തുവരെ തടയാല്‍ സമരവുമായി നില്‍ക്കുന്നവരുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ ഭവാനെ നീ സംസ്ഥാന പോലീസിനു അനുഗ്രഹവും കൃപയും നല്‍കുക.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കാര്യം പരിങ്ങലിലാണെന്ന് നീ അറിഞ്ഞിട്ടുണ്ടാകും. ശബരിമലേല്‍ സ്ത്രീകള്‍ കയറണമെന്ന് സാക്ഷാല്‍ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ രാഷ്ട്രീയ നീക്കുപോക്കിന്റെ ഭാഗമായി അതുവേണ്ടെന്നാണ് സംസ്ഥാനത്തെ കേണ്‍ഗ്രസ് പണിക്കാരുടെ അഭിപ്രായം. എന്തായാലും ഈ മുന്നുകൂട്ടരും ചേര്‍ന്ന് നിന്റെ പേരില്‍ പോരടിക്കുമ്പോള്‍ ഭവാനെ ഇവരുടെയൊക്കെ ഉള്ളിലിരുപ്പ് അറിയാവുന്ന നീ ചിരിച്ചു മടുത്തിട്ടുണ്ടാകും. എങ്കിലും ഇതൊന്നും അറിയാതെ പാവം സാധാരണക്കാര്‍ ഈ കളിയിലെ അകവും പൊരുളും അറിയാതെ ഉഴന്നു കഴിയുകയാണ്. അവരുടെ ആശങ്കകള്‍ ഭവാനെ നീ അകറ്റേണമേ.
ഭവാന്റെ പേരില്‍ പോരടിക്കുകയും കലഹിക്കുന്നവരെയും നിലക്കു നിര്‍ത്താന്‍ ഭവാന്‍തന്നെ ഇടപെടണമേ. നിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെ നിഷ്‌കാസിതരാക്കണമേ. അവര്‍ക്ക് സ്വബോധം കൊടുക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിന്റെ നാമം ജപിക്കുന്നത് പുണ്യമെങ്കിലും ഇപ്പോള്‍ നാമജപത്തിന്റെ ഉരുവിടല്‍ മുദ്രാവാക്യത്തിന്റെ ശബ്ദക്രമത്തിലേക്ക് അധപതിച്ചോ എന്നു സംശയമുണ്ട്. നിന്റെ പേരുംപറഞ്ഞ് സമാധാനം നഷ്ടമാക്കുന്ന സകലരെയും നിന്റെ കൃപയുടെ കടാക്ഷത്താല്‍ അവരെ മുച്ചൂടും മുടിക്കാതെ കാത്തുകൊള്ളേണമേ.
സ്വാമി ശരണം.

Leave a Reply

Your email address will not be published. Required fields are marked *