ആഗ്ര: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ് , രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെയും ഇന്നുമായുണ്ടായ പൊടിക്കാറ്റിലും മഴയില്‍ എഴുപതിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ മരണനിരക്ക് നാല്പത്തി അഞ്ചോളമായി. രാജസ്ഥാനിലെ മരണ സംഖ്യ 32 പിന്നിട്ടു.
പൊടിക്കാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ തകര്‍ന്നുമാണ് മരണങ്ങളില്‍ അധികവും സംഭവിച്ചത്. ഇതിനു പുറമെ പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെ വൈദുതി വിതരണവും മുടങ്ങിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ ബിജിനോര്‍ ആഗ്ര, സഹാരന്‍പൂര്‍, ബറോലി എന്നിവിടങ്ങളില്‍നിന്നാണ് മരണങ്ങളിലധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
രാജസ്ഥാനിലെ ഭരത്പൂരിലും ധോലാപൂരിലും ആര്‍വാര്‍, ജുന്‍ജുനും, ബിക്കാനര്‍ എന്നിവിടങ്ങളില്‍നിന്നുമാണ് മരണം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡിലെ കുമൗണില്‍നിന്നും മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
പൊടിക്കാറ്റും മഴയും കനത്ത നാശനഷ്ടമാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരുത്തിവച്ചിരിക്കുന്നത്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *