തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്. പ്രതികളായ ഉമേഷിനെയും ഉദയനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പനത്തുറയിലെ ക്ഷേത്രപരിസരത്തുവച്ചാണ് ലിഗയെ ഉമേഷും ഉദയനും കാണുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ലിഗയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍ ബോട്ടിലാണ് ഇരുവരും ലിഗയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഫോറന്‍സിക് പരിശോധനാ ഫലവും രാസ പരിശോധനാ ഫലവും ലഭിച്ചതിനു ശേഷമാണ് ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ലിഗയുടെ മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ടല്‍ക്കാട്ടില്‍നിന്നു കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മാര്‍ച്ച് പതിന്നാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് ലിഗയെ കാണാതായത്. കഴിഞ്ഞയാഴ്ചയാണ് ലിഗയുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *