ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന പുതിയ കരട് ടെലകോം നയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. 2022 ആകുമ്പോഴേക്കും 40 ലക്ഷം തൊഴിലവസരങ്ങള്‍, 5ജി നെറ്റ്‌വര്‍ക്ക്, എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ്, 50 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് കണ്ക്ഷന്‍ എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പോളിസി 2018 എന്ന് പേരിലാണ് ടെലികോം നയം കൊണ്ടുവരിക.

രാജ്യത്തെ പകുതി വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും ലാന്‍ഡ് ലൈന്‍ സംവിധാനവും ലഭ്യമാക്കും. 2020 ആകുമ്പോള്‍ എല്ലാ പൗരന്മാര്‍ക്കും 50 എം ബി പി എസ് വേഗതയുള്ള ഇന്റര്‍നെറ്റ് ലഭിക്കും. മാത്രമല്ല എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു ജിഗാബൈറ്റ് വേഗത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കും.

ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ 2022 ആകുമ്പോഴേക്കും 10,000 കോടി ഡോളറിന്റെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് നയത്തില്‍ പറയുന്നു. ടെലികോം മേഖലയുടെ പ്രതിസന്ധികള്‍ക്ക് കാരണമായ ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം നിരക്ക് തുടങ്ങിയവ പരിഹരിക്കും. എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് നല്‍കുന്നതിലൂടെ 40 ലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *