ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കണമെന്ന സുപ്രീം കോടതി കോളീജിയത്തിന്റെ ശുപാര്‍ശ മടക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന കൊളീജിയത്തിന്റെ യോഗത്തില്‍ അന്തിമ തീരുമാനമായില്ല.

കൊളീജിയത്തിന്റെ നിയമനശുപാര്‍ശ കേന്ദ്രം മടക്കിയയച്ചാല്‍ അതേ ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് നല്‍കണമെങ്കില്‍ കൊളീജിയത്തിലെ അംഗങ്ങളെല്ലാം ഐകകണ്‌ഠേന അതിനെ അനുകൂലിക്കേണ്ടതുണ്ട്. എന്നാല്‍,കൊളീജിയത്തിലെ 5 അംഗങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിയാഞ്ഞതാണോ തീരുമാനം വൈകാന്‍ ഇടയാക്കുന്നതെന്നകാര്യം വ്യക്തമാല്ല. ജീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ ജെ ചെലമേശ്വര്‍, രഞ്ചന്‍ ഗൊഗോയി, മദന്‍ സി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ടതാണ് കൊളീജിയം.

കെ.എം.ജോസഫിന്റെ നിയമനക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കൊളീജിയം ചര്‍ച്ച ചെയ്തു എന്നും തീരുമാനം എടുക്കുന്നത് നീട്ടിവച്ചു എന്നുമാണ് സുപ്രീം കോടതി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്‍,കൊല്‍ക്കത്ത,ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിലെ ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുന്ന കാര്യവും കൊളീജീയം ചര്‍ച്ച ചെയ്തു.

അതേസമയം സുപ്രീം കോടതി കൊളീജിയത്തിന്റെ നിയമന ശുപാര്‍ശ തിരിച്ചയക്കാനും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടാനും കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം നീക്കാന്‍ ജസ്റ്റിസ് കെ എം ജോസഫ് ഉത്തരവിട്ടതുകൊണ്ടല്ല കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നും അത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *