മുംബൈ: നവി മുംബൈയിലെ കേരളാ ഹൗസ് കോണ്‍ഫറന്‍സ് ഹാളിന്റെ വാടക കുത്തനെ വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളാ ഹൗസ് ഉപരോധിച്ചു. പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങളോട് സര്‍ക്കാര്‍ നിഷേധ നിലപാടു തുടരുമ്പോഴാണ് വാടക വര്‍ധന പോലുള്ള നടപടികളിലൂടെ പ്രവാസികളെ അവഹേളിക്കുന്നതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.

കോണ്‍ഫറന്‍സ് ഹാളിന്റെ ചുരുങ്ങിയ വാടക 2500 രൂപയായിരുന്നത് 10,000 രൂപയിലേക്കും പരമാവധി വാടക 12,000 രൂപയായിരുന്നത് 30,000 രൂപയിലേക്കും കുത്തനെ ഉയര്‍ത്തി കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഏപ്രില്‍ പത്തിന് 25 ശതമാനം വാടക കുറച്ചുകൊണ്ട് ഉത്തരവിറങ്ങി. എന്നാല്‍, ഈ കുറവിനു ശേഷവും ചുരുങ്ങിയ വാടക 7500 രൂപയും പരമാവധി വാടക 22,500 രൂപയുമാണ്. അതായത്, ഡിസംബറിലെ വര്‍ധനയ്ക്കു മുന്‍പുണ്ടായിരുന്ന നിരക്കിന്റെ ഇരട്ടി.

നിരക്കു കുറയ്ക്കാന്‍ ആവശ്യപ്പെട്ട് നവി മുംബൈ കേരളാ ഹൗസിനു മുന്നില്‍ മലയാളികളുടെ മൂന്നാമത്തെ പ്രതിഷേധ പരിപാടിയാണിത്. മുംബൈയിലെ വിവിധ മലയാളി സംഘടനകള്‍ കേരളാ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ഇ മെയിലുകളിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പുറമെ സംയുക്ത സമരസമിതി അംഗങ്ങള്‍ തിരുവനന്തപുരത്ത് മന്ത്രിമാരുമായി നേരിട്ടു കണ്ടു വിഷയം ചര്‍ച്ച ചെയ്യുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *