ബൊക്കറട്ടന്‍: ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്‌ക്കോട്ട് ബൊക്കററ്റന്‍ മേയര്‍ സൂസന്‍ ഹെയ്‌നിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഏപ്രില്‍ 27 വെള്ളിയാഴ്ചയാണ് ഗവര്‍ണ്ണര്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയത്.

ഔദ്യോഗീക ഓഫീസ് ദുരുപയോഗം, അഴിമതി, തുടങ്ങിയ ആരോപണങ്ങള്‍ക്കു മേയര്‍ക്കെതിരെ കേസ്സെടുത്തതിന് മൂന്നാം ദിവസമാണ് മേയറെ പുറത്താക്കി കൊണ്ടുള്ള ഗവര്‍ണ്ണറുടെ ഉത്തരവ്.
സ്വത്തു സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താത്തതും മേയര്‍ക്കെതിരായ കുറ്റാരോപണങ്ങളില്‍ ഉള്‍പ്പെടുന്നു.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ ഗവര്‍ണ്ണര്‍ പുറത്താക്കുന്നത് അസാധാരണ സംഭവമാണ്.

സിറ്റിയിലെ ജനങ്ങളുടെ താല്‍പര്യമനുസരിച്ചും, സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാന പ്രകാരവും മേയറെ പുറത്താക്കുന്നു എന്നാണ് ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നത്. മേയറെ പുറത്താക്കി മുപ്പതുമിനിട്ടിനകം ഡെപ്യൂട്ടി മേയര്‍ സ്‌ക്കോട്ടു സിംഗറെ മേയറുടെ ചുമതല അടുത്ത തെരഞ്ഞെടുപ്പുവരെ ഏല്‍പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *