ന്യൂഡല്‍ഹി: സൗദിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ രണ്ട് വര്‍ഷം മുമ്പ് ചാവേറാക്രമണം നടത്തിയ ഭീകരന്‍ ഇന്ത്യക്കാരനാണെന്ന് വെളിപ്പെടുത്തല്‍. ഡി എന്‍ എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ട ചാവേര്‍ ഇന്ത്യക്കാരനാണെന്ന് കണ്ടെത്തിയത്.

ഇന്ത്യയില്‍ നിന്ന് അയച്ചുകൊടുത്ത ഡി എന്‍ എ സാമ്പിളും ചാവേറിന്റെ ഡി എന്‍ എ സാമ്പിളും തമ്മില്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി പട്യാലഹൗസ് കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ 2016 ജൂലൈ നാലിനാണ് ചാവേറാക്രമണമുണ്ടായത്. ഭീകരാക്രമണത്തിന് പിന്നാലെ ആക്രമണം നടത്തിയ ആളുടെ ചിത്രം സൗദി അധികൃതര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇയാള്‍ പാകിസ്താന്‍ സ്വദേശിയായ അബ്ദുള്ള ഖല്‍സാര്‍ ഖാന്‍ എന്നയാളാണ് എന്നാണ് സൗദി അധികൃതര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ആക്രമണം നടത്തിയത് ഫയാസ് കഗ്‌സിയാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് തിരിച്ചറിഞ്ഞു. ഇത് കൂടുതല്‍ വ്യക്തമാകാനാണ് ഡി എന്‍ എ സാമ്പിളുകള്‍ അയച്ചുകൊടുത്തത്. ജിദ്ദയിലെ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

ഫയാസ് കഗ്‌സി മുംബൈ സ്വദേശിയാണെന്നാണ് എന്‍ ഐ എ പറയുന്നത്. 2010ലെ ജര്‍മന്‍ ബേക്കറി സ്‌ഫോടനം, 2012ലെ ജെ.എം. റോഡ് ബോംബാക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകനാണെന്നാണ് എന്‍ ഐ എ പട്യാല കോടതിയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *