കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലിലെ തീരുമാനങ്ങള്‍ ഐകകണ്‌ഠേനയെന്ന് കാനം രാജേന്ദ്രന്‍. സി.ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ല. പാര്‍ട്ടി ഭരണഘടനാ പ്രകാരമാണ് 20 ശതമാനം പേരെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെ ഒഴിവാക്കിയപ്പോള്‍ പുതുതായി കേരളത്തില്‍ നിന്ന് അഞ്ചു പേരെ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്‍.രാജന്‍, എന്‍.അനിരുദ്ധന്‍, പി.വസന്തം, കെ.പി.രാജേന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, മഹേഷ് കക്കത്ത് (കാന്‍ഡിഡേറ്റ് അംഗം) എന്നിവരാണ് പുതുതായി കൗണ്‍സിലില്‍ എത്തിയത്. നേരത്തെ 13 അംഗങ്ങളുണ്ടായിരുന്ന കേരളത്തിന് ഇത്തവണ 14 അംഗങ്ങളെ ലഭിച്ചു.

ആരുടേയും സഹായത്തോടെ തുടരാനില്ലെന്ന് ദിവാകരന്‍ പ്രതികരിച്ചു. കേരള നേതൃത്വം തനിക്ക് വേണ്ടി സംസാരിച്ചോ എന്ന് അറിയില്ല. പാര്‍ട്ടിയില്‍ ആര്‍ക്കും പ്രത്യേക അവകാശങ്ങളൊന്നുമില്ല. പ്രായംകൊണ്ടല്ല തന്നെ ഒഴിവാക്കിയത്. പ്രായത്തെ ബഹുമാനിക്കുന്നവരാണ് അപമാനക്കുന്നവരല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കേരളാ പ്രതിനിധികളുടെ യോഗം ദിവാകരന്‍ ബഹിഷ്‌കരിച്ചു.

കൊല്ലത്ത് നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന മാര്‍ച്ചോടെ ഇന്ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *