ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊളീജിയം ശുപാര്‍ശ മടക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്തിന് വസ്തുതകളും കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് ബുധനാഴ്ച ചേരാനിരിക്കുന്ന കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ജഡ്ജിമാരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2017ലും ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് കേന്ദ്ര സര്‍ക്കാര്‍ അക്കാര്യം പരിഗണിച്ചില്ല.

ഉത്തരാഖണ്ഡിലെ തണുത്ത കാലാവസ്ഥയില്‍ തുടരാന്‍ ജസ്റ്റിസ് കെ എം ജോസഫിന് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ട്. അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള വ്യക്തിയാണ്. അതിനാല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യവും കേന്ദ്രം പരിഗണിച്ചില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *